വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ സൈനിക വിന്യാസം വർധിപ്പിക്കുന്നതിനിടെ, ഇറാനുമായി ചർച്ചയ്ക്കു പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ചർച്ചയ്ക്കുള്ള സമയമോ സന്ദർഭമോ അദ്ദേഹം വ്യക്തമാക്കിയില്ല.
ഇറാനുമായി ചർച്ച സാധ്യമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “എനിക്ക് അങ്ങനയൊരു ആലോചനയുണ്ട്’’ എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയുടെ വന്പൻ കപ്പൽപ്പട ഇറാനെ ലക്ഷ്യമിട്ടു നീങ്ങുകയാണ്. ആക്രമണം ഒഴിവാക്കാൻ കഴിഞ്ഞാൽ നല്ലതാണ്.
സൈനിക നടപടി ഒഴിവാക്കാൻ രണ്ടു കാര്യങ്ങൾ ചെയ്യണമെന്ന് ഇറാനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ആണവപദ്ധതികൾ ഉപേക്ഷിക്കണം എന്നതാണ് ഒന്നാമത്തേത്. പ്രതിഷേധക്കാരെ കൊല്ലുന്നതു നിർത്തണം എന്നതാണ് രണ്ടാമത്തേത്. ആയിരക്കണക്കിനു പേരെയാണ് ഇറാൻ കൊല്ലുന്നത്. ആണവ വിഷയത്തിൽ ഇറാൻ ഉടൻ ചർച്ചാമേശയിലെത്തുമെന്നു ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾ ട്രംപ് പരിശോധിച്ചുവരികയാണെങ്കിലും ആക്രമണം നടത്താനുള്ള തീരുമാനം അദ്ദേഹം എടുത്തിട്ടില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അമേരിക്ക ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നു പറയുന്നതിനിടെയും ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള നീക്കങ്ങൾ ഇറാൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തുർക്കിയിലെത്തി. ഇതിനു പിന്നാലെ തുർക്കി പ്രസിഡന്റ് എർദോഗൻ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. ഇറാൻ-അമേരിക്ക സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഇടപെടലിനു തുർക്കി തയാറാണെന്ന് എർദോഗൻ അറിയിച്ചു.
യുഎസ് യുദ്ധക്കപ്പൽ ഇസ്രയേലിൽ
ടെൽ അവീവ്: അമേരിക്കയുടെ ഒരു യുദ്ധക്കപ്പൽ ഇസ്രയേലിലെ ഐലാത്ത് തുറമുഖത്ത് നങ്കൂരമിട്ടതായി റിപ്പോർട്ട്. ഡിസ്ട്രോയർ ക്ലാസിൽപ്പെട്ട ഈ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങൾ നല്കാൻ ഇസ്രയേലോ യുഎസോ തയാറായില്ല. ഇസ്രയേൽ-യുഎസ് സൈനിക സഹകരണത്തിന്റെ ഭാഗമായി നേരത്തേ എടുത്ത തീരുമാനപ്രകാരമാണു കപ്പൽ എത്തിയതെന്നു പറയുന്നു.
ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വിമാനവാഹിനി അടക്കമുള്ള വൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ഇതിനിടെ, ഇറാൻ വിഷയത്തിൽ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം നടപ്പാക്കാൻ തയാറാണെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.